മംഗലംഡാം: നിയന്ത്രണംവിട്ട ബൈക്ക് പാലത്തിലിടിച്ച് യാത്രക്കാരിലൊരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
പറശ്ശേരി തോട്ടുങ്ങൽ പരേതനായ രാമന്റെ മകൻ ചന്ദ്രൻ (51) ആണ് മരിച്ചത്. ബൈക്ക് ഓടിച്ച പറശ്ശേരി കോയമാന്റെ മകൻ ബഷീറിന് (40) ആണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് 6.30 ഓടെയാണ് അപകടം.
പറശ്ശേരിയിൽനിന്ന് മംഗലം ഡാമിലേക്ക് ബഷീറും ചന്ദ്രനും കൂടി വരുമ്പോൾ ചാപ്പാത്ത് പാലത്തിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് പാലത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇരുവരെയും നാട്ടുകാർ മംഗലം ഡാമിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചന്ദ്രൻ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ബഷീറിനെ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.
മംഗലംഡാം പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. ചന്ദ്രന്റെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. കുറുമാലിയാണ് ചന്ദ്രന്റെ മാതാവ്. അവിവാഹിതനാണ്.
സഹോദരങ്ങൾ: നാരായണൻ, പൊന്നൻ, വേലു, പരേതരായ രാജൻ, കാശു, ദേവകി, രുക്മണി, ഓമന എന്ന വെള്ളക്കുട്ടി.