ആമ്പല്ലൂർ: ദേശീയപാതയിൽ പുതുക്കാട് പൊലീസ് സ്റ്റേഷന് സമീപം കെ.എസ്.ആർ.ടി.സി ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു. പാലപ്പിള്ളി കാരികുളം പറമ്പൻ വീട്ടിൽ മമ്മദാണ് (67) മരിച്ചത്. അപകടത്തിൽ മമ്മദിന്റെ ഭാര്യ തായുമ്മ, മകൾ ഷാനിത, ഓട്ടോ ഡ്രൈവർ കുഞ്ഞുമുഹമ്മദ് എന്നിവർക്കും പരിക്കേറ്റിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. മമ്മദ് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചക്കാണ് മരിച്ചത്. മമ്മദിന്റെ ചികിത്സക്കായി പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. യൂടേണിന് സമീപം ബ്രേക്കിട്ട കാറിൽ ഇടിക്കാതിരിക്കാൻ നിർത്തിയ ഓട്ടോയുടെ പിറകിൽ ബസ് ഇടിക്കുകയായിരുന്നു. മക്കൾ: ഷബീർ, ഷാനിത, ഷാനവാസ്. മരുമക്കൾ: ഫരീത, റഷീദ്, തസ്നി.