വണ്ടൂർ: സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വണ്ടൂർ സ്വദേശി മരിച്ചു. ചെട്ടിയാറമ്മൽ പോത്തങ്ങോടൻ അബൂബക്കറിന്റെ മകൻ നൗഷാദ് എന്ന കുഞ്ഞുട്ടി (47) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9ന് എളങ്കൂർ നിരന്നപറമ്പിലായിരുന്നു അപകടം. നൗഷാദിനെ ആദ്യം മഞ്ചേരി മെഡിക്കൽ കോളജിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സ്കൂട്ടറിൽ കൂടെയുണ്ടായിരുന്ന മകൻ ഫൈസാൻ ജാസിനും പരിക്കുണ്ട്. വണ്ടൂരിലെ രാഷ്ട്രീയ കായിക രംഗത്തെ സജീവ സാന്നിധ്യവും ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻറ്, മലപ്പുറം ജില്ല വെട്രൻസ് സെവൻസ് ഫുട്ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു. ഭാര്യ: റജീന. മറ്റുമക്കൾ: ശാഹുൽ (യു.കെയിൽ വിദ്യാർഥി), നിഷാന (വിദ്യാർഥി). ഖബറടക്കം തിങ്കളാഴ്ച വണ്ടൂർ പള്ളിക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.