കോട്ടക്കൽ: ഭാര്യവീട്ടിൽ വിരുന്നിനെത്തി ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ നവവരൻ മുങ്ങിമരിച്ചു. പേരാമ്പ്ര മേപ്പയൂർ വാളിയിൽ ബഷീർ-റംല ദമ്പതികളുടെ മകൻ മുഹമ്മദ് റോഷനാണ് (24) മരിച്ചത്.
എടരിക്കോട് മഞ്ഞമാട് കടവിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. നീന്തുന്നതിനിടെ മുങ്ങിയ റോഷനെ ബന്ധുക്കളും മറ്റും ചേർന്ന് കരക്കെത്തിച്ച് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ മരിച്ചു. ചുടലപ്പാറ പത്തൂർ ഹംസക്കുട്ടിയുടെ മകൾ റാഹിബയുമായി കഴിഞ്ഞ 21നായിരുന്നു റോഷന്റെ വിവാഹം.
മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോട്ടക്കൽ പൊലീസ് നടപടി സ്വീകരിച്ചു.