കുറ്റിപ്പുറം: ബന്ധുക്കളുടെ മർദനമേറ്റ് ചികിത്സയിലിരുന്ന കുറ്റിപ്പുറം മൂടാൽ സ്വദേശി ചിറ്റകത്ത് മുഹമ്മദ് കുട്ടി ഹാജി (74) മരിച്ചു. ഇക്കഴിഞ്ഞ ഡിസംബർ 15നാണ് സഹോദരന്റെ മക്കൾ മുഹമ്മദ് കുട്ടിയെ മർദിച്ചത്. പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
വഴിത്തർക്കവുമായി ബന്ധപ്പെട്ട് ഇരു കുടുംബങ്ങളും തമ്മിൽ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ഡിസംബർ 15ന് തർക്കത്തിലുള്ള സ്ഥലവുമായി ബന്ധപ്പെട്ട തോട്ടത്തിൽനിന്ന് തേങ്ങ ഉൾപ്പെടെ സാധനങ്ങളുമായി വരവേ സഹോദരന്റെ മക്കളായ സലാം, അഷ്കർ എന്നിവർ ചേർന്ന് മർദിക്കുകയായിരുന്നു. മുഹമ്മദ് കുട്ടിയെ സലാം പിടിച്ചുതള്ളുന്നതിന്റെയും നിലത്തിട്ട് ചവിട്ടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിക്കവേ അഷ്കർ ബൂട്ടിട്ട കാലുകൊണ്ട് മർദിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ സലാമിനും അഷ്കറിനും എതിരെ കുറ്റിപ്പുറം പൊലീസ് കേസെടുത്തിരുന്നു.
നട്ടെല്ലിന് ഉൾപ്പെടെ പരിക്കേറ്റ നിലയിലാണ് മുഹമ്മദ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഹമ്മദ് കുട്ടിക്ക് ഹൃദ്രോഗം ഉൾപ്പെടെ രോഗങ്ങൾ ഉണ്ടായിരുന്നതിനാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷമേ മരണകാരണം സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് പറഞ്ഞു. തിത്തീമയാണ്
മരിച്ച മുഹമ്മദ് കുട്ടിയുടെ ഭാര്യ. മക്കൾ: നൗഷാദ്, റഷീദ്, സൗദ. മരുമക്കൾ: ലൈല, ഫാത്തിമ, ഷംസുദ്ദീൻ വെട്ടിച്ചിറ. മർദനമേറ്റ പരിക്കുകൾ മൂലമാണ് മുഹമ്മദ് കുട്ടി മരിച്ചതെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. മഞ്ചേരി മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം കൊളക്കാട് കിഴക്കേ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.