എൻ.ടി.പി.സിയിലെ കരാർ തൊഴിലാളികൾ ജോലി ബഹിഷ്കരിച്ചു ആറാട്ടുപുഴ: തമിഴ്നാട്ടിൽനിന്ന് എത്തിയ ഉദ്യോഗസ്ഥരെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജോലിയിൽ പ്രവേശിപ്പിച്ചതിൽ പ്രതിഷേധം. കായംകുളം എൻ.ടി.പി.സിയുടെ പ്രധാന കവാടത്തിലാണ് ഇതര സംസ്ഥാനത്തുനിന്ന് എത്തുന്നവരെ ക്വാറൻറീൻ ചെയ്യാതെ പ്ലാൻറിൽ പ്രവേശിപ്പിക്കുന്നുവെന്നാരോപിച്ച് തൊഴിലാളി സംഘടനകളുെട നേതൃത്വത്തിൽ പ്രതിഷേധിച്ചത്. സോളാർ പ്ലാൻറ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നു ഉദ്യോഗസ്ഥരാണ് പ്ലാൻറിൽ എത്തിയത്. ഇവർ ഏതാനും ദിവസങ്ങളിലേക്ക് മാത്രമാണ് എത്തിയതെന്നും ഉടൻ തിരികെ പോകുമെന്നുമാണ് അധികൃതർ പറഞ്ഞത്. കഴിഞ്ഞ ആഴ്ചയും ഇത്തരത്തിൽ ഉദ്യോഗസ്ഥർ വന്നുപോയിരുന്നു. അതിനിടെ, എൻ.ടി.പി.സിയിലെ പ്രദേശവാസികളായ കരാർ തൊഴിലാളികൾ ബുധനാഴ്ച ജോലി ബഹിഷ്ക്കരിച്ചു. അന്യ സംസ്ഥാനത്തുനിന്ന് വന്ന നാലു തൊഴിലാളികളെ ക്വാറൻറീൻ പാലിക്കാതെ കരാറുകാർ പ്ലാൻറിൽ കൊണ്ടുവന്ന് പണി ചെയ്യിപ്പിച്ചെന്നാരോപിച്ചായിരുന്നു ബഹിഷ്ക്കരണം. ഇതിനെ തുടർന്ന് അധികൃതരുടെയും തൊഴിലാളി സംഘടനകളുടെയും യോഗം നടന്നു. ഇത്തരം തൊഴിലാളികളെ ക്വാറൻറീൻ പാലിക്കാതെ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് യോഗത്തിൽ ധാരണയായി.