; ആശുപത്രിയിലെത്തിച്ചത് ഒരു മണിക്കൂറോളം വൈകി പന്തീരാങ്കാവ്: അങ്ങാടിയിൽ കുഴഞ്ഞ് വീണ യുവാവ് പ്രാഥമിക ശുശ്രൂഷപോലും ലഭിക്കാതെ കിടന്നത് ഒരു മണിക്കൂറോളം സമയം. ഒടുവിൽ ഗ്രാമ പഞ്ചായത്ത് അംഗവും സന്നദ്ധ പ്രവർത്തകനും ചേർന്ന് മെഡിക്കൽ കോളജിലെത്തിച്ചപ്പോഴേക്കും യുവാവ് മരിച്ചു. പെരുമണ്ണ പൊയിൽതാഴം പാലത്തിൽ പുറായ് താമസിക്കുന്ന ഒടുമ്പ്ര കുടുംബാങ്കണ്ടി പരേതനായ ശ്രീധരൻെറ മകൻ ജിനീഷാണ് (42) മരിച്ചത്. വെള്ളിയാഴ്ച 11 മണിയോടെ പെരുമണ്ണ മത്സ്യമാർക്കറ്റിന് സമീപത്താണ് ജിനീഷ് കുഴഞ്ഞു വീണത്. ആളുകൾ ചുറ്റും കൂടി നിന്നതല്ലാതെ പ്രഥമ ശുശ്രൂഷ നൽകാനോ ആശുപത്രിയിലെത്തിക്കാനോ തയാറായില്ല. തുടർന്ന് പൊലീസും ഗ്രാമപഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയെങ്കിലും സ്വകാര്യ ആംബുലൻസ് എത്തിച്ച ശേഷം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു. ശിഹാബ് തങ്ങൾ റിലിഫ് സൻെറർ ആംബുലൻസ് ഡ്രൈവർ റഹീം, ഗ്രാമ പഞ്ചായത്ത് അംഗം എം.എ. പ്രതീഷ് എന്നിവർ ചേർന്നാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം ജിനീഷിന് നെഞ്ചു വേദന വന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്നു. വെള്ളിയാഴ്ച വീണ്ടും ഹൃദയാഘാതം സംഭവിച്ചാണ് മരിച്ചത്. സ്വർണാഭരണ നിർമാണ തൊഴിലാളിയാണ്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. മാതാവ്: തങ്കമണി. ഭാര്യ: നിഷ. മക്കൾ: ആകാശ്, ആദർശ്. സഹോദരങ്ങൾ: ജിതേഷ് , രാജേഷ്.