അരീക്കോട്: രാഷ്ട്രീയ, മതസംഘടന, അധ്യാപന രംഗങ്ങളിൽ അരീക്കോട്ടെ നിറസാന്നിധ്യമായിരുന്ന വെള്ളേരി കെ.വി. അബ്ദുറഹ്മാൻ മുസ്ലിയാർ (63) കോവിഡ് ബാധിച്ച് നിര്യാതനായി. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി. കഴിഞ്ഞ ആറ് മുതൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അബ്ദുറഹ്മാൻ മുസ്ലിയാർക്ക് പ്രമേഹവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. 12 വർഷത്തിലേറെ അരീക്കോട് ഗ്രാമപഞ്ചായത്തംഗമായിരുന്ന ഇദ്ദേഹം നിലവിൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡൻറ്, ഏറനാട് മണ്ഡലം എസ്.വൈ.എസ് വൈസ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിക്കുകയായിരുന്നു. പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡൻറ്, വാർഡ് പ്രസിഡൻറ് സ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. മദ്റസാധ്യാപന രംഗത്ത് 30 വർഷം പൂർത്തിയാക്കിയതിന് സമസ്തയുടെ പ്രത്യേക പുരസ്കാരം വാങ്ങിയ ഇദ്ദേഹം അൽ അൻസാർ കോംപ്ലക്സിൻെറ മാനേജിങ് കമ്മിറ്റിയംഗം കൂടിയായിരുന്നു. ഭാര്യ: ഖദീജ. സഹോദരങ്ങൾ: ഉണ്ണിമുഹമ്മദ്, അബ്ദുല്ലത്തീഫ്, അബ്ദുല്ല, അബൂബക്കർ, ഫാത്തിമ, ആയിശ.