കോവളം: വെള്ളാർ ജങ്ഷനിൽ അജ്ഞാതവാഹനമിടിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധിക മരിച്ചു. വാഴമുട്ടം എസ്.എൻ കോട്ടേജിൽ പരേതനായ സുകുമാരെൻറ ഭാര്യ കെ. സരസ്വതി (74) യാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 9.30 ഓടെ വെള്ളാർ ജങ്ഷനിലായിരുന്നു അപകടം. ബന്ധുവീട്ടിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കവെ കോവളം ഭാഗത്തുനിന്ന് വന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയതായി െപാലീസ് പറഞ്ഞു. വെള്ളാർ ജങ്ഷനിൽ പൊലീസ് സ്ഥാപിച്ച സി.സി.ടി.വി കാമറകൾ പ്രവർത്തിക്കാത്തതും കോവളം ജങ്ഷനിലെ കാമറയിൽ ചിത്രം വ്യക്തമല്ലാത്തതും കാരണം ഇടിച്ച വാഹനം തിരിച്ചറിയാനായിട്ടില്ല.
മക്കൾ: സുജൻ, ശ്യാമ, ഹേമലത. മരുമക്കൾ: ബിനിത, പരേതനായ കുമാർ, പ്രദീപ് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.