പൊൻകുന്നം: വീടിന് സമീപമുള്ള റബർമരം തൊഴിലാളികൾ വെട്ടിയിടുന്നതിനിടെ ദേഹത്തുവീണ് ഗൃഹനാഥൻ മരിച്ചു. ഇളങ്ങുളം പന്തമാക്കൽഭാഗം ഗിരിനിലയം ശിവശങ്കര പണിക്കരാണ് (അപ്പു -68) മരിച്ചത്. വ്യാഴാഴ്ച രാവിലെ 11.15നാണ് സംഭവം. വീടിനുമുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന ഏതാനും റബർമരങ്ങൾ മുറിച്ചുനീക്കുന്നതിനിടെയാണ് അപകടം. പറമ്പിൽ നിൽക്കുകയായിരുന്ന ശിവശങ്കര പണിക്കർ ഓടിമാറാൻ ശ്രമിച്ചെങ്കിലും കല്ലിൽ തട്ടിവീണ് ശരീരത്തിലേക്ക് മരച്ചില്ലകൾ പതിക്കുകയായിരുന്നു. ഉടൻ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പൈക കെ.എം.എസ് ബസ് കമ്പനിയിലെ റിട്ട. ഡ്രൈവറാണ് ശിവശങ്കര പണിക്കർ. ഇളങ്ങുളം കളത്തൂർ കുടുംബാംഗമാണ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. കോവിഡ് പരിശോധനക്കുശേഷം പോസ്റ്റ്മോർട്ടം നടത്തും. ഭാര്യ: ഇളങ്ങുളം മാടത്താനിൽ ശ്യാമളകുമാരി. മക്കൾ: ഗിരിശങ്കർ (ഹാർഡ്വെയർ എൻജിനീയർ, ബംഗളൂരു), മായ. മരുമക്കൾ: ശരണ്യ, മധുസൂദനൻ നായർ (പൊലീസ് അക്കാദമി, തൃശൂർ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.