പത്തിരിപ്പാല: വീട്ടുകാവൽക്കാരനെ നെൽപാട വരമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണൂർ തീപാറ്റ് കുഴിയിൽ വേലായുധനെയാണ് (60) ചിരക്കാട്ട്കുന്ന് പാടവയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ അയൽവാസിയായ യുവാവാണ് കമിഴ്ന്നുകിടന്ന നിലയിൽ മൃതദേഹം കണ്ടത്. ബുധനാഴ്ച രാത്രി 9.30ഒാടെ വീട്ടിൽനിന്ന് ഭക്ഷണം കഴിച്ചശേഷം സ്വകാര്യ വ്യക്തിയുടെ വീട്ടിൽ കാവലിന് പോയിരുന്നു. എന്നാൽ, ഇയാൾ അവിടെ എത്തിയിരുന്നില്ല. വീട്ടിൽനിന്ന് അര കിലോമീറ്റർ ദൂരത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നെറ്റിയിലും രണ്ടുകാലിലും തുടയിലും മുറിവുകളുണ്ട്. വ്യാഴാഴ്ച രാവിലെ മങ്കര എസ്.ഐ അബ്ദുറഷീദും സംഘവും സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി ജില്ല ആശുപത്രിയിലെത്തിച്ചു. ഭാര്യ: കല്യാണി. മക്കൾ: സന്ദീപ്, സംഗീത. മരുമക്കൾ: ആതിര, രമേശ്.