അമ്പലപ്പുഴ: അതിഥി തൊഴിലാളിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വളഞ്ഞവഴി പടിഞ്ഞാറ് വാടകക്ക് താമസിച്ചു വന്നിരുന്ന ബിഹാർ പശ്ചിമ ചമ്പാരൻ ബഗമ്പൂരിൽ റഹ്മത്തുള്ള മിയയുടെ മകൻ മുസ്ലിം മിയയെയാണ് (26) മരിച്ചത്. ശനിയാഴ്ച വൈകീട്ട് 7.30 ഓടെയാണ് ഇയാളെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ സുഹൃത്തുക്കൾ കണ്ടത്. കെട്ടിട നിർമാണ കരാറുകാരനോടൊപ്പം ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനകൾക്കുശേഷം പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അമ്പലപ്പുഴ പൊലീസ് പറഞ്ഞു.