അങ്കമാലി: കൊലപാതകമടക്കം നിരവധി കേസുകളില്‍ ഉള്‍പ്പെട്ട കുറുമശ്ശേരി മാക്കോലില്‍ വീട്ടില്‍ ജെ.പിയെന്ന ജയപ്രകാശ് (54) വീട്ടിനുള്ളില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ചെങ്ങമനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രിയായിരുന്നു കൊലപാതകം. വീട്ടില്‍ ആളനക്കമില്ലാതെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് വെള്ളിയാഴ്ച സന്ധ്യയോടെ ബന്ധുക്കളില്‍ ആരോ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയുടെ പിന്‍ഭാഗം പിളര്‍ന്ന് ചോരവാര്‍ന്നൊഴുകി കട്ടിലില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തലയില്‍ കമ്പിപോലുള്ള വസ്തുകൊണ്ട് ശക്തമായ അടിയേറ്റിട്ടുണ്ട്. സംഭവമറിഞ്ഞ് െപാലീസ് വീടിന് കാവല്‍ ഏര്‍പ്പെടുത്തി. ശനിയാഴ്ച ഇന്‍ക്വസ്റ്റ് തയാറാക്കും. യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് വര്‍ഷം മുംെബെയിൽ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ശിക്ഷ കഴിഞ്ഞ് നാട്ടിലെത്തിയശേഷവും നിരവധി കേസുകളില്‍പ്പെട്ടിട്ടുണ്ട്. മലപ്പുറത്ത് ഡിവൈ.എസ്.പിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തല്‍, പാറക്കടവ് പറമ്പുശ്ശേരിയില്‍ ഇഷ്ടിക വ്യാപാരിയെ കത്തികാട്ടി പണം തട്ടിയെടുക്കല്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. ചെങ്ങമനാട് സ്റ്റേഷനിലെ ലിസ്റ്റിൽ ഗുണ്ടയാണ്. ആദ്യകാല ഗുണ്ടയായിരുന്നുവെങ്കിലും ഇപ്പോൾ ദുർബലനായി. അതോടെ ആരും പരിഗണിക്കാതെയായി. അനുയായികൾ തെറ്റിപ്പിരിഞ്ഞ് പ്രവര്‍ത്തിക്കുകയാണ്. അവിവാഹിതനാണ്. ആള്‍താമസമില്ലാത്ത വീട്ടില്‍ ഗുണ്ടകളായ സുഹൃത്തുക്കള്‍ പതിവായെത്തി അവരോടൊപ്പം മദ്യപിച്ച് ബഹളം വെക്കാറുമുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. വ്യാഴാഴ്ച രാത്രിയും ഇതാവർത്തിച്ചിരുന്നു. മദ്യപിക്കാനെത്തിയ സംഘത്തില്‍പ്പെട്ട കുറുമശ്ശേരി സ്വദേശികളായ കണ്ണനെന്ന വിജേഷ്, സൗമേഷ്, അനില്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.