നെടുമങ്ങാട്: ബൈക്ക് ഇടിച്ചിട്ട സൈക്കിൾ യാത്രക്കാരൻ ടിപ്പറിനടിയിൽപെട്ട് മരിച്ചു. പനങ്ങോട്ടേല സൂര്യ ഭവനില്‍ ശ്രീകുമാരൻനായർ (60) ആണ് മരിച്ചത്. കരകുളം കെൽട്രോൺ ക്യാൻറീനിലെ ജീവനക്കാരനായിരുന്നു. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ വാളിക്കോട് സ്വകാര്യപമ്പിന് മുന്നിലായിരുന്നു അപകടം. കരകുളം കെൽട്രോൺ ഒാഫിസിൽ പോയി തിരികെ പച്ചക്കറിയും വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശ്രീകുമാർ. ശ്രീകുമാറിനെയുംകൊണ്ട് അൽപദൂരം മുന്നോട്ട് നീങ്ങിയായിരുന്നു ടിപ്പർ ലോറി നിന്നത്. ഇതിനിടയിൽ ബൈക്ക് യാത്രക്കാരൻ ബൈക്കുമായി രക്ഷപ്പെട്ടു. അപകടത്തിൽപെട്ട് റോഡിൽ മറിഞ്ഞുകിടന്ന സൈക്കിളിൽ പിന്നാലെ വന്ന ഒരു കാർ കയറിയിറങ്ങുകയും ചെയ്തു. മരിച്ച ശ്രീകുമാറിനെ പൊലീസെത്തി അവിടെത്തെ ഹെഡ്ലോഡ് തൊഴിലാളികളുടെ സഹായത്തോടെ ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: പത്മകുമാരി. മക്കൾ: ശ്രീജ, ശ്രീജിത്ത്. മരുമകൻ: പ്രമോദ്.