വയയ്ക്കലിന് സമീപമാണ് അപകടം, ഒരാളുടെ നില ഗുരുതരം
അഞ്ചൽ: എം.സി റോഡിൽ വയയ്ക്കലിന് സമീപം ആനാട് ജങ്ഷനിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഏഴുവയസ്സുകാരി ഉൾപ്പെടെ മൂന്നുപേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. മരിച്ചവരെല്ലം ഓട്ടോയിലുള്ളവരാണ്. ശനിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം. ഒാട്ടോ ഡ്രൈവർ തേവന്നൂർ വണ്ടിപ്പുര ചരുവിള പുത്തൻവീട്ടിൽ രഞ്ജിത് (കൊച്ചുവാവ, 30), തേവന്നൂർ ആലാച്ച മലയിൽ ഗോപവിലാസത്തിൽ രമാദേവിഅമ്മ (65), ഇവരുടെ ചെറുമകൾ ഗോപിക (ഏഴ്) എന്നിവരാണ് മരിച്ചത്. ഗോപികയുടെ മാതാവ് ഉദയ(30)യെ ഗുരുതരാവസ്ഥയിൽ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആയൂർ ഭാഗത്തുനിന്ന് വന്ന കാറും എതിരേവന്ന ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു.
മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് തിരികേ വരികയായിരുന്ന തടിക്കാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും കാർ ഭാഗികമായും തകർന്നു. ഇരുവാഹനങ്ങളും റോഡിെൻറ ഒരു വശത്തേക്ക് നീങ്ങി മാറി. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് തകർന്ന വാഹനത്തിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് ഹൈവേ പൊലീസും കൊട്ടാരക്കര പൊലീസും സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. കാർ യാത്രികരായ അഹമ്മദാലി (28), ഭാര്യ ആലിയ (22) എന്നിവരെ മീയണ്ണൂർ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.