അങ്കമാലി: മതിയായ നഷ്ടപരിഹാരം നല്‍കാതെ പിറന്ന മണ്ണില്‍നിന്ന് ഇറക്കിവിട്ട നെടുമ്പാശ്ശേരി വിമാനത്താവള കമ്പനിക്കെതിരെ പതിറ്റാണ്ടോളം നിയമയുദ്ധം നടത്തിയ മാത്യു വര്‍ഗീസ് (54) നിര്യാതനായി. നെടുമ്പാശ്ശേരി അകപ്പറമ്പ് എയര്പോര്ട്ട്നഗര് അരീയ്ക്കല്‍ പരേതനായ മാത്യുവിെൻറ മകനാണ്. 1996ല്‍ വിമാനത്താവള കമ്പനി റൺവേ നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കാനെത്തിയപ്പോള്‍ മതിയായ വില നല്‍കാത്തതിനെതിരെ സമരമുഖത്ത് നിലയുറപ്പിച്ച പ്രധാന ഭൂവുടമകളില്‍ ഒരാളായിരുന്നു. ഒരേക്കറോളം വസ്തുവാണുണ്ടായിരുന്നത്. എക്സ്കവേറ്റര്‍ ഉപയോഗിച്ച് മുഴുവന്‍ വീടുകളും കെട്ടിടങ്ങളും വിമാനത്താവള കമ്പനി ഇടിച്ചുതകര്‍ക്കുകയായിരുന്നു. പലരും വിമാനത്താവള കമ്പനി നല്കിയ പൊന്നുംവില വാങ്ങി ഒഴിഞ്ഞുപോയെങ്കിലും മതിയായ നഷ്ടപരിഹാരമാവശ്യപ്പെട്ട് മാത്യു വര്‍ഗീസ് വര്‍ഷങ്ങളോളം കമ്പനിക്കും എം.ഡിക്കുമെതിരെ നിയമയുദ്ധം നടത്തി. ഉന്നയിച്ച നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിലും വീടും ടാക്സി പെര്‍മിറ്റും ലഭിച്ചു. വിമാനത്താവള കമ്പനി പുനരധിവസിപ്പിച്ച അകപ്പറമ്പ് ആറുസെൻറ് കോളനിയിലായിരുന്നു താമസം. തുടക്കത്തില്‍ ‘മാധ്യമം’ അകപ്പറമ്പ് ഏജൻറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാതാവ്: മറിയാമ്മ. സഹോദരങ്ങള്‍: സാറാക്കുട്ടി, െസലീന, ബെന്നി.