അഗളി: അട്ടപ്പാടി ചിറ്റൂർ റോഡിൽ മൂച്ചിക്കടവിന് സമീപം തിരുവോണ ദിവസം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കോട്ടത്തറ സ്വദേശി സുധീഷ് (28), കള്ളമല അതുൽ (17) എന്നിവരാണ് മരിച്ചത്. വരഗംപാടി സ്വദേശി ശങ്കറിനെ (19) ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച നാേലാടെ ഗൂളിക്കടവിൽ നിന്ന് സുഹൃത്തുക്കളായ സുധീഷും അതുലും ചിറ്റൂരിലേക്ക് ബൈക്കിൽ പോകുകയായിരുന്നു. ഷോളയൂരിൽ നിന്ന് ശങ്കറും സുഹൃത്തും ഗൂളിക്കടവ് അഗളി ഭാഗത്തേക്ക് വരുകയുമായിരുന്നു. മൂച്ചിക്കടവിന് സമീപം കഴിഞ്ഞ പ്രളയത്തിൽ മലയിടിഞ്ഞ് വീതികുറഞ്ഞ സ്ഥലത്താണ് ബൈക്കുകൾ കൂട്ടിയിടിച്ചത്. മൂവരെയും അഗളി കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ സുധീഷും അതുലും മരിച്ചു. സുധീഷിെൻറ പിതാവ്: ഗംഗാധരൻ. മാതാവ്: പരേതയായ ഉഷ. അതുലിെൻറ പിതാവ്: മോഹനൻ. മാതാവ്: ചിത്ര. സഹോദരൻ: രാഹുൽ.