കൊട്ടിയം: വിവാഹം ഉറപ്പിച്ചശേഷം വരൻ പിന്മാറിയതിൽ മനംനൊന്ത് യുവതി കിടപ്പുമുറിയിൽ തൂങ്ങിമരിച്ചു. ഇരവിപുരം വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽനിന്നും കൊട്ടിയം കൊട്ടുംപുറം പള്ളിക്ക് സമീപം വാടകക്ക് താമസിക്കുന്ന റഹിം-നദീറ ദമ്പതികളുടെ മകൾ റംസിയാണ് (24) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് റംസിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടത്. പള്ളിമുക്ക് സ്വദേശി ഹാരിസ് എന്ന യുവാവുമായി ഇവരുടെ വിവാഹം ഉറപ്പിച്ചിരുന്നതായി വീട്ടുകാർ കൊട്ടിയം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വളയിടീൽ ചടങ്ങുകളും കഴിഞ്ഞ് സാമ്പത്തികവും കൈപ്പറ്റിയശേഷം വിവാഹബന്ധത്തിൽനിന്ന് പിന്മാറുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ കൊട്ടിയം പൊലീസ് കേസെടുത്തു. മൃതദേഹം കൊട്ടിയത്ത് സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരി: അൻസി.