അടൂർ: കൊതുകുകടി മൂലം ലക്ഷത്തിൽ ഒരാൾക്കുമാത്രം വരുന്ന ‘ഹെനോക് സ്കോളിൻ പർപുറ’ എന്ന അപൂർവരോഗം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി വിദ്യാർഥിനി മരിച്ചു. അടൂർ കരുവാറ്റ ആൻസ് വില്ലയിൽ ജെയ്സൻ തോമസിെൻറ മകൾ സാന്ദ്ര ആൻ ജെയ്സണാണ് (18) മരിച്ചത്. തിങ്കളാഴ്ച തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഒന്നിന് അടൂർ ഇമ്മാനുവേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ. ഷാർജ ഇന്ത്യൻ സ്കൂളിൽ 12ാം ക്ലാസ് വിദ്യാർഥിനി ആയിരുന്ന സാന്ദ്ര പ്രതികൂല സാഹചര്യത്തിലും 75 ശതമാനം മാർക്കോടെയാണ് ഈ വർഷം വിജയിച്ചത്.2014ൽ ആയിരുന്നു സാന്ദ്രക്ക് കൊതുകുകടിയേറ്റത്. ഷാർജയിൽനിന്നും അവധിക്ക് പത്തനംതിട്ട ജില്ലയിലെ അടൂരിൽ വന്നപ്പോൾ ആയിരുന്നു സംഭവം. ആദ്യം ചിക്കൻപോക്സിെൻറ രൂപത്തിലാണ് രോഗം വന്നത്. ദിവസങ്ങൾ കഴിഞ്ഞിട്ടും ഭേദമാകാഞ്ഞ് നടത്തിയ പരിേശാധനകളിലാണ് രോഗം കണ്ടെത്തിയത്. തുടർചികിത്സയിൽ രോഗം ഭേദമായപ്പോൾ യു.എ.ഇ.യിലേക്ക് മടങ്ങിയ സാന്ദ്ര സ്കൂളിൽ പോവാൻ തുടങ്ങിയിരുന്നു. ദിവസങ്ങൾക്കകം പാടുകൾ കൂടിവരുകയും ശരീരം തടിച്ചുവീർക്കുകയും ചെയ്തു. കണ്ണുകളുടെ കാഴ്ചകൂടി നഷ്ടമായതോടെ വീണ്ടും ചികിത്സ തേടി. രോഗംകുറഞ്ഞ് സാന്ദ്ര വീണ്ടും സാധാരണജീവിതത്തിലേക്ക് മടങ്ങിയെത്തി. എന്നാൽ, 2019-ൽ നടത്തിയ ബയോപ്സിയിൽ വൃക്കകൾ 70 ശതമാനത്തിൽ അധികം പ്രവർത്തനരഹിതമാണെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ ചില മാസങ്ങളായി നാട്ടിൽ ചികിത്സയിൽ ആയിരുന്നു.