തമിഴ്നാട്ടിൽ നിന്ന് ചരക്കുമായി വന്ന ലോറി നിയന്ത്രണംവിട്ട് തെറ്റായ ദിശയിലെത്തി ബൈക്കിലിടിച്ചായിരുന്നു അപകടം
പുനലൂർ: ചരക്ക് ലോറിയിടിച്ച് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കെ.എസ്.ആർ.ടി.സി ആര്യങ്കാവ് ഡിപ്പോയിലെ ഡ്രൈവർ മരിച്ചു. ചെങ്ങന്നൂർ മുളക്കുഴ പിറളശേരി പാലനിൽക്കുന്നതിൽ വീട്ടിൽ പി.കെ. രാജേന്ദ്രദാസ് (48) ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ആറരയോടെ കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ഇടപ്പാളയം പള്ളിമുക്കിലായിരുന്നു അപകടം. രാവിലെ ഡ്യൂട്ടിക്കായി മുളക്കുഴയിലെ വീട്ടിൽനിന്ന് ആര്യങ്കാവ് ഡിപ്പോയിലേക്ക് ബൈക്കിലെത്തിയതായിരുന്നു രാജേന്ദ്രദാസ്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ചരക്കുമായി വന്ന ലോറി നിയന്ത്രണംവിട്ട് തെറ്റായ ദിശയിലെത്തി ബൈക്കിലിടിച്ചായിരുന്നു അപകടം. ഭാര്യ: ഉഷ. മക്കൾ: ജ്യോതിഷ്, ജ്യോതിക. സംസ്കാരം പിന്നീട്.