ചേർത്തല: പാചകവാതക സിലിണ്ടറിൽനിന്ന് തീപിടിച്ച് വീട്ടമ്മ മരിച്ചു. നഗരസഭ ഏഴാംവാർഡിൽ കൊല്ലംപറമ്പിൽ അശോകെൻറ ഭാര്യ ജ്യോതികുമാരിയാണ് (മോളി -53) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ സിലിണ്ടറുമായി ബന്ധിപ്പിച്ചിട്ടുള്ള ട്യൂബിൽനിന്ന് തീപടരുകയായിരുന്നു. ഭർത്താവും മകൻ അഖിലും വീട്ടിലുണ്ടായിരുന്നില്ല.
സമീപവാസികൾ തീ പുറത്തേക്ക് വരുന്നതുകണ്ട് വിവരമറിയിച്ചതിനെത്തുടർന്ന് ചേർത്തലയിൽനിന്ന് അഗ്നിരക്ഷാസേന എത്തി തീയണച്ചു. ജ്യോതികുമാരിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്.