കട്ടപ്പന: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു. കട്ടപ്പന വെള്ളയാംകുടി പാറച്ചെരുവിൽ ചന്ദ്രനാണ് (55) മരിച്ചത്. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇയാൾ ഇന്നലെ പുലർച്ചയാണ് മരിച്ചത്. ഒന്നരവർഷം മുമ്പ് ശരീരത്തിൽ നിക്കോട്ടിെൻറ അളവ് ക്രമാതീതമായി കൂടിയതിനെത്തുടർന്ന് ചന്ദ്രെൻറ കാലുകൾ മുറിച്ചുമാറ്റിയിരുന്നു.
കഴിഞ്ഞ ദിവസം നടത്തിയ ആൻറിജൻ പരിശോധനയിലാണ് ചന്ദ്രനും ഇയാളുടെ മകനും കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ചന്ദ്രനെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിശദപരിശോധനയിൽ ഇരുവൃക്കകളും തകരാറിലാണെന്ന് കണ്ടെത്തി. കോവിഡ് സംബന്ധമായ ചികിത്സകൾ തുടരുന്നതിനിടെയാണ് ആരോഗ്യനില വഷളായത്. ആലപ്പുഴ എൻ.ഐ.വിയിലെ സ്രവപരിശോധനക്ക് ശേഷമേ മരണം കോവിഡ് മൂലമാണോയെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കൂ. ഭാര്യയും നിരീക്ഷണത്തിലാണ്.
വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ഇരുപതേക്കർ പൊതുശ്മശാനത്തിൽ കോവിഡ് മാനദണ്ഡപ്രകാരം സംസ്കാരം നടത്തി. ഭാര്യ: രമാദേവി. മക്കൾ: രഘുൽ, രേഷ്മ. മരുമകൻ: ശിവപ്രസാദ്.