കട്ടപ്പന: കോവിഡ് ബാധിച്ച് മരിച്ച വയോധികെൻറ മൃതദേഹം സംസ്കരിച്ചു. അണക്കര അശ്വതിഭവനിൽ നാരായണ പണിക്കരാണ് (79) ഞായറാഴ്ച കോവിഡ് ബാധിച്ച് മരിച്ചത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ശ്വാസംമുട്ടലിന് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇയാൾക്ക് ഞായറാഴ്ച രാവിലെ നടത്തിയ ആൻറിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വൈകീട്ടോടെ മരിച്ചു. മൃതദേഹം ഇന്നലെ രാവിലെ 11ന് കോവിഡ് മാനദണ്ഡ പ്രകാരം കട്ടപ്പന ഇരുപതേക്കർ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: ചന്ദ്രവല്ലി (റിട്ട. അധ്യാപിക, അണക്കര ഗവ. സ്കൂൾ). മക്കൾ: അഭിലാഷ് എൻ. നായർ (റീജനൽ മാനേജർ സോഫ്റ്റ്വെയർ കമ്പനി, എറണാകുളം), രശ്മി എൻ. നായർ (ദുബൈ). മരുമക്കൾ: ശുഭ മേനോൻ, സുനിൽ കുമാർ (ദുബൈ).