ഗാന്ധിനഗർ (കോട്ടയം): വാടക വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ട വീട്ടമ്മക്ക് കോവിഡ്. കോട്ടയം ആർപ്പുക്കര ആറാം വാർഡിൽ (തൊണ്ണംകുഴി) വാടകക്ക് താമസിക്കുന്ന തൃശൂർ ഇരിങ്ങാലക്കുട കുഴിക്കാട്ട് കോണം, മടയിക്കോണം പാലാഴി വീട്ടിൽ കെ.വി. സുമതിയാണ് (73) മരിച്ചത്. സുമതിയുടെ ഏക മകൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗ്രേഡ് ടു ജീവനക്കാരിയാണ്. ഇവർ ഞായറാഴ്ച ഡ്യൂട്ടി കഴിഞ്ഞ് രാത്രി എട്ടിന് വീട്ടിലെത്തിയപ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ട് അനക്കമില്ലാതെ വന്നപ്പോൾ അയൽവാസിയായ വീട്ടുടമയുടെ സഹായത്തോടെ വാതിൽ തല്ലിപ്പൊളിച്ച് അകത്ത് കയറിയപ്പോൾ സുമതി കട്ടിലിൽ മരിച്ച നിലയിൽ കിടക്കുകയായിരുന്നു. ഉടൻ വാർഡ് അംഗം ആശ പ്രഭാതിനെ വിവരമറിയിച്ചു. അംഗം സ്ഥലത്തെത്തി ഗാന്ധിനഗർ, പൊലീസിനെയും ആരോഗ്യ പ്രവർത്തകരെയും അറിയിക്കുകയും പൊലീസ് സുമതിയെ മെഡിക്കൽ കോളജിൽ എത്തിച്ച് മരണം ഉറപ്പുവരുത്തിയശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സ്രവം ശേഖരിച്ചു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് പൊലീസ് ഇൻക്വസ്റ്റിന് ശേഷം പോസ്റ്റുമോർട്ടം നടത്തി ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യത്തിൽ കോട്ടയം മുട്ടമ്പലം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.