അനാഥത്വത്തിനൊടുവിൽ
കാർത്യായനിയമ്മ വിടവാങ്ങി
തുറവൂർ: തുറവൂർ പഞ്ചായത്ത് ആറാം വാർഡിൽ അമ്പഴത്തറ കാർത്യായനി (95) നിര്യാതയായി. കഴിഞ്ഞ ദിവസം രാവിലെ 11ഒാടെയായിരുന്നു മരണം. ഉറ്റവരാരും ഇല്ലാതെ ഏകയായി ജീവിച്ചിരുന്ന കാർത്യായനി അയൽക്കാരുടെയും മറ്റ് പരിസരവാസികളുടെയും സഹായത്താലും സംരക്ഷണയിലുമാണ് കഴിഞ്ഞിരുന്നത്. പ്രായമേറിയതോടെ ജീവിതത്തിന് താങ്ങും തണലും കൂടിയേ തീരൂ എന്ന ഘട്ടത്തിൽ കൂടുതൽ ശ്രദ്ധയും പരിചരണവും ആവശ്യമാണെന്ന് ബോധ്യപ്പെട്ട കാടാതുരുത്ത് 537ാം എസ്.എൻ.ഡി.പി ശാഖ യോഗം പ്രവർത്തകർ ഇടപെട്ട് കാർത്യായനിയമ്മയുടെ പൂർണ സംരക്ഷണച്ചുമതല ഏറ്റെടുക്കുകയായിരുന്നു. ജീവിതത്തിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ ശാഖ യോഗം ഒരു സഹായിയെയും ഏർപ്പെടുത്തിയിരുന്നു. കാർത്യായനിയമ്മയുടെ അന്ത്യനിമിഷം വരെ ഈ സഹായി ഒപ്പമുണ്ടായിരുന്നു. സ്വന്തമായുണ്ടായിരുന്ന വീടും രണ്ട് സെൻറ് സ്ഥലവും ഇവർ ശാഖായോഗത്തിന് കൈമാറിയിരുന്നു.
പട്ടണക്കാട് ബ്ലോക്ക് പ്രസിഡൻറ് മണി പ്രഭാകരൻ, വാർഡ് മെംബർ സരസമ്മ വിജയൻ, എസ്.എൻ.ഡി.പി യോഗം സെക്രട്ടറി എം. വിശ്വംഭരൻ, പ്രസിഡൻറ് ലോഹിതാക്ഷൻ, കാടാതുരുത്ത് ദേവസ്വം മാനേജർ രമേശൻ തുടങ്ങി നിരവധിപേർ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.