തൊടുപുഴ: മീൻമുട്ടിയിൽ വീടിെൻറ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരുന്നയാൾ മരിച്ചു. അഞ്ചിരിക്കവല ചീമ്പാറയിൽ സി.കെ. ജമാലാണ് (54) മരിച്ചത്.
ഈ മാസം ഒമ്പതിനായിരുന്നു അപകടം. മീൻമുട്ടി പുൽപ്പറമ്പിൽ ജോബിയുടെ വീട്ടുമുറ്റത്തേക്കാണ് കനത്ത മഴയിൽ സംരക്ഷണഭിത്തി ഇടിഞ്ഞുവീണത്. ഈ സമയം ജമാലടക്കം നാല് തൊഴിലാളികൾ ഇവിടെ ജോലിയിലേർപ്പെട്ടിരിക്കുകയായിരുന്നു. അയൽവാസിയുടെ വീടിനോട് ചേർന്നുള്ള സംരക്ഷണഭിത്തിയുടെ അടിഭാഗം ബലപ്പെടുത്തുന്നതിനിടെ 12 അടി ഉയരത്തിൽനിന്ന് കെട്ട് ഇടിഞ്ഞുവീഴുകയായിരുന്നു. ഇതിൽ ജമാൽ, ഇടവെട്ടി സ്വദേശി അന്ത്രു (55) എന്നിവരെ ഒന്നരമണിക്കൂർ നേരത്തേ പരിശ്രമത്തിനൊടുവിലാണ് മണ്ണിനടിയിൽനിന്ന് അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ ജമാലിനെ അന്നുതന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച വൈകീട്ടോടെയാണ് മരണം. ഭാര്യ: ഷക്കീല. മക്കൾ: അജ്മി, അൻസമോൾ. മരുമക്കൾ: യൂനുസ്, മാഹിൻ.