രാജാക്കാട്: രാജകുമാരി പഞ്ചായത്തിലെ മഞ്ഞക്കുഴി ആദിവാസിക്കുടിയോട് ചേർന്ന് അന്തർ സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിയാനായിട്ടില്ല. വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മഞ്ഞക്കുഴിയിൽനിന്ന് പൂപ്പാറ മുള്ളൻതണ്ടിലേക്കുള്ള പാതയോട് ചേർന്ന് മൃതദേഹം കിടക്കുന്നത് സമീപത്തെ ആദിവാസി കുടുംബത്തിലെ അംഗങ്ങൾ ഞായറാഴ്ച രാവിലെയാണ് കണ്ടത്. തുടർന്ന് ഇവർ ശാന്തൻപാറ പൊലീസിൽ അറിയിച്ചു.
കഴിഞ്ഞ രാത്രി ഇവരുടെ വീടിെൻറ താഴ്ഭാഗത്തുനിന്ന് അസ്വാഭാവികമായ ശബ്ദം കേട്ടിരുന്നു. കനത്ത മഴയും കാട്ടാന എത്തിയതായിരിക്കും എന്ന് ഭീതിയും കാരണം പുറത്തിറങ്ങി നോക്കിയില്ല. ശാന്തൻപാറ പൊലീസ് സംഭവസ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹത്തിലെ വസ്ത്രങ്ങൾ കീറിയ നിലയിലാണ്. വീണതിെൻറ അടയാളം ശരീരത്തിലുണ്ട്. മുള്ളൻതണ്ടിലെ ബെവ്കോ ഔട്ട്ലെറ്റിൽനിന്ന് മദ്യം വാങ്ങി കഴിച്ചശേഷം നടന്നുവരുന്നതിനിടെ വഴി നിശ്ചയമില്ലാതെ വീണതാകാമെന്നും മഴയും തണുപ്പുമേറ്റ് ഏറെനേരം വീണുകിടന്നതാകാം മരണകാരണമെന്നുമാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. മൃതദേഹം കോവിഡ് പരിശോധനക്കും പോസ്റ്റ്മോർട്ടത്തിനുമായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.