രാജാക്കാട്: പൂപ്പാറക്ക് സമീപം മകൻ ഓടിച്ച ജീപ്പിൽ നിയന്ത്രണംവിട്ട ലോറി ഇടിച്ച് തോട്ടം തൊഴിലാളിയായ മാതാവ് മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. സൂര്യനെല്ലി കറുപ്പന് കോളനിയിലെ പരേതനായ ചന്ദ്രശേഖരെൻറ ഭാര്യ വിജി എന്ന മുനിയമ്മയാണ് (48) മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ എസ്റ്റേറ്റ് പൂപ്പാറ ലൈൻസിന് സമീപമായിരുന്നു അപകടം. സൂര്യനെല്ലിയിൽനിന്ന് തൊഴിലാളികളുമായി രാജകുമാരി ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പിൽ രാജാക്കാട് ഭാഗത്ത് നിന്നുവന്ന ലോറി ഇടിക്കുകയായിരുന്നു. വിജിയുടെ മകൻ ചിലമ്പരശനാണ് ജീപ്പ് ഓടിച്ചിരുന്നത്. വിജിയുടെ മറ്റു മക്കളായ ചിമ്പു, ചിത്രദേവി എന്നിവരും മരുമകൻ രമേശും വാഹനത്തിൽ ഉണ്ടായിരുന്നു. ചിത്രദേവിക്കും രമേശിനും സാരമായി പരിക്കേറ്റു. 10 പേരാണ് ജീപ്പിലുണ്ടായിരുന്നത്. നാട്ടുകാരാണ് എല്ലാവരെയും പുറത്തെടുത്തത്. പരിക്കേറ്റവരെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിജി മരിച്ചു.