അടിമാലി: മധ്യവയസ്കനെ കടത്തിണ്ണയിൽ രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തി. ശാന്തൻപാറ താഴത്തുകുന്നേൽ മോഹനനാണ് (55) മരിച്ചത്. അടിമാലി ടൗണിലെ വസ്ത്ര വിൽപന കേന്ദ്രത്തിന് മുന്നിൽ ബുധനാഴ്ച രാവിലെയാണ് മൃതദേഹം നാട്ടുകാർ കണ്ടത്. നാളുകളായി ഇയാളെ അടിമാലി ടൗണിൽ കാണാറുണ്ട്. വായിൽനിന്നും മൂക്കിൽനിന്നും വന്ന രക്തം കടത്തിണ്ണയിലും പരിസരത്തും കാണാം. കടുത്ത ക്ഷയം ബാധിച്ചിരുന്നതായി പറയുന്നു. പടമുഖത്തെ അഗതി മന്ദിരത്തിലെ അന്തേവാസിയായിരുന്നു. അവരോട് പറയാതെയാണ് അടിമാലിയിൽ എത്തിയതെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.