ചങ്ങനാശ്ശേരി: കോവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു. മാടപ്പള്ളി പഞ്ചായത്ത് ആറാം വാർഡ് മാമ്മൂട് കൊച്ചുറോഡ് കെട്ടിടം കാലായിൽ ഫിലിപ്പിെൻറ (തങ്കച്ചൻ) ഭാര്യ അന്നമ്മ ഫിലിപ്പാണ് (65) മരിച്ചത്. കോവിഡ് പോസിറ്റിവായതിനെത്തുടർന്ന് അന്നമ്മയും ഭർത്താവ് ഫിലിപ്പും തെങ്ങണ ഗുഡ് ഷെപ്പേഡ് കോവിഡ് സെൻററിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി അന്നമ്മക്ക് നെഞ്ചുവേദന ഉണ്ടായി. തുടർന്ന് ഭർത്താവ് ഉൾപ്പെടെ കോവിഡ് സെൻററിൽ ഒപ്പം ഉണ്ടായിരുന്നവർ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരെ വിളിച്ചു. ഇവർ എത്താൻ വൈകിയെന്നും ഓക്സിജൻ കൊടുക്കുന്നതിനുള്ള സൗകര്യം സെൻററിൽ ഇല്ലായിരുെന്നന്നും ബന്ധുക്കൾ ആരോപിച്ചു. ആരോഗ്യപ്രവർത്തകരും എത്തിയില്ല. പ്രായമായ രോഗികളുള്ള സെൻററിൽ ആംബുലൻസ് സൗകര്യം ഇല്ല. മറ്റൊരിടത്തുനിന്ന് ആംബുലൻസ് എത്താൻ വൈകിയതിനെത്തുടർന്നും ഹൃദയാഘാതം ഉണ്ടായ അന്നമ്മയെ മണിക്കൂറുകൾ വൈകിയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും അന്നമ്മ മരിച്ചു. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ പ്രായമായവരെയും മറ്റ് രോഗമുള്ളവരുമായ കോവിഡ് ബാധിതരെ പ്രവേശിപ്പിച്ചാൽ അടിയന്തര ഘട്ടങ്ങളിൽ ചെയ്യേണ്ട എല്ലാ ചികിത്സാ സൗകര്യങ്ങളും ഇല്ല. പ്രാഥമികമായി നൽകേണ്ട ചികിത്സയും ഇൻജക്ഷനും നൽകിയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അന്നമ്മയെ മാറ്റിയതെന്ന് കോവിഡ് സെൻറർ ചുമതലയുള്ള ഡോ. പ്രദീപ് പറഞ്ഞു. ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽനിന്ന് ആംബുലൻസ് വരുത്തി കോട്ടയം മെഡിക്കൽ കോളജിലേക്ക് അന്നമ്മയെ മാറ്റുകയായിരുന്നു. മക്കൾ: കുഞ്ഞുമോൾ, കൊച്ചുമോൾ, മിനി. മരുമക്കൾ: തോമാച്ചൻ, സാജൻ, ഷാജി, ഡൽഹി.