കുട്ടനാട്: പുളിങ്കുന്ന് പഞ്ചായത്ത് എട്ടാം വാർഡിൽ പ്രവർത്തിച്ചിരുന്ന രണ്ട് പടക്ക നിർമാണശാലകളിലുണ്ടായ തീപിടിത്തതിനെത്തുടർന്ന് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു.പുളിങ്കുന്ന് എട്ടാം വാർഡ് പുത്തൻപുരക്കൽചിറയിൽ ഷീലയാണ് (48) മരിച്ചത്. പൊള്ളലേറ്റ ഷീല ആറ് മാസമായി ചികിത്സയിലായിരുന്നു. ബുധനാഴ്ച അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. മാർച്ച് 20നാണ് അപകടമുണ്ടായത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ നിർമാണശാല ലൈസൻസില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു. അഞ്ച് മീറ്റർ അകലത്തിൽ സ്ഥിതി ചെയ്തിരുന്ന നിർമാണശാലകളിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ തൊഴിലാളികളായ 10 പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്.