ശ്രീകൃഷ്ണപുരം: സംസ്കൃത പണ്ഡിതനും ഗ്രന്ഥ രചയിതാവുമായ കരിമ്പുഴ പൂന്തോട്ടം ചന്ദ്രമോഹന് നമ്പൂതിരി (62) നിര്യാതനായി. സംസ്കൃത വിദ്വാന് പരേതരായ പൂന്തോട്ടം ശങ്കരനാരായണന് നമ്പൂതിരിയുടെയും ദേവകി അന്തര്ജനത്തിെൻറയും മകനാണ്. നിരവധി സംസ്കൃത പുസ്തകങ്ങള്‍ തർജമ ചെയ്തിട്ടുണ്ട്. കുളാര്‍ണ്ണവതന്ത്രം, അമരകോശം (സിദ്ധരൂപസഹിതം) എന്നിവ പ്രധാനമാണ്. തോട്ടര ഹയര്‍സെക്കൻഡറി സ്കൂളിലെ മലയാള അധ്യാപകനായിരുന്ന ചന്ദ്രമോഹന് നമ്പൂതിരി വിരമിച്ച ശേഷം സംസ്കൃത പുസ്തകങ്ങളുടെ തർജമയില്‍ വ്യാപൃതനായിരുന്നു. സംസ്കൃതം, പുരാണം, യോഗ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഒട്ടേറെ കൃതികളുടെ രചയിതാവാണ്. വിഖ്യാതങ്ങളായ പല കൃതികളും ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. ഇദ്ദേഹം രചിച്ച ദശരഥ വിലാപം ആട്ടക്കഥ കലാമണ്ഡലം ഗോപിയുടെ നേതൃത്വത്തില്‍ അരങ്ങത്ത് എത്തിച്ചു. ഭാര്യ: ഈക്കാട്ടുമന നീലകണ്ഠന് നമ്പൂതിരിപ്പാടിെൻറ മകള്‍ ഉഷ. മക്കൾ: ഡോ. മൃദുല്‍ പൂന്തോട്ടം, പി.എം. ദേവിക (മുതുതല എ.യു.പി സ്കൂള്‍ അധ്യാപിക). മരുമക്കൾ: ഡോ. ശ്രീലിമ പൂന്തോട്ടം, കെ.പി. രഞ്ജിത്. പൂന്തോട്ടം ആയുര്‍വേദാശ്രമം ഉടമ ഡോ. രവീന്ദ്രന്, ഈക്കാട്ട് നാരായണന് നമ്പൂതിരിപ്പാടിെൻറ പത്നി സാവിത്രി എന്നിവര്‍ സഹോദരങ്ങളാണ്.