ആമ്പല്ലൂര്‍: തൃക്കൂര് പഞ്ചായത്തില്‍ കോവിഡ് ബാധിതരായ രണ്ട് സ്ത്രീകള്‍ മരിച്ചു. പൂണിശ്ശേരി അഗതിമന്ദിരത്തിലെ അന്തേവാസി രാജമ്മ (76), കല്ലൂര്‍ പടിഞ്ഞാട്ടുമുറി കൊളങ്ങരകുപ്പി റാഫേെൻറ ഭാര്യ ലിസി (70) എന്നിവരാണ് മരിച്ചത്. ഇതോടെ 24 മണിക്കൂറിനിടെ തൃക്കൂരില്‍ മൂന്നുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. തൃക്കൂര് മഠത്തില്‍ ബല്‍റാം സാമിയാണ് ഞായറാഴ്ച ഉച്ചക്ക് മരിച്ചത്. പൂണിശ്ശേരി അഗതിമന്ദിരത്തില്‍ അന്തേവാസിയായ തങ്ക കോവിഡ് ബാധിച്ച് കഴിഞ്ഞയാഴ്ച മരിച്ചിരുന്നു. അഗതിമന്ദിരത്തില്‍ അന്തേവാസികളും ജീവനക്കാരും ഉള്‍പ്പെടെ 14 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. രണ്ട് പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ബാക്കിയുള്ള അന്തേവാസികള്‍ ഹോം ക്വാറൻറീനിലാണ്.
ക്ലസ്റ്ററായി പ്രഖ്യാപിച്ച അഗതിമന്ദിരത്തിലെ സ്ഥിതി അതിഗുരുതരമാണെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ജൂബിലി മിഷന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ലിസി മരിച്ചത്. ഇവരുടെ കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച ബല്‍റാം സാമിയുമായി സെപ്റ്റംബർ 22 മുതല്‍ 26വരെ സമ്പര്‍ക്കത്തിലായവര്‍ തൃക്കൂര് ആരോഗ്യവിഭാഗവുമായി ബന്ധപ്പെടണമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അബ്ദുറസാഖ് അറിയിച്ചു.