തൃക്കുന്നപ്പുഴ: എസ്.എൻ.ഡി.പി ശാഖ യോഗം സെക്രട്ടറി ഓഫിസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ. തൃക്കുന്നപ്പുഴ പാനൂർ 1168ാം നമ്പർ എസ്.എൻ.ഡി.പി ശാഖ സെക്രട്ടറി തൃക്കുന്നപ്പുഴ ചേലക്കാട് നടുവിലെപറമ്പിൽ പരേതനായ അപ്പുക്കുട്ടെൻറ മകൻ സുരേഷ്കുമാറിനെയാണ് (സുന്ദരൻ -48) തിങ്കളാഴ്ച രാവിലെ ആറരയോടെ ഓഫിസ് മുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ അഞ്ചിനാണ് വീട്ടിൽനിന്ന് സമീപത്തുള്ള ശാഖയോഗം ഓഫിസിലെത്തിയത്. ചെരിപ്പ് വെളിയിൽ കിടക്കുന്നതുകണ്ട് സമീപവാസിയായ സ്ത്രീ വാതിൽ തുറന്നുനോക്കുമ്പോഴാണ് തൂങ്ങിയനിലയിൽ കാണുന്നത്.തൃക്കുന്നപ്പുഴ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. കോവിഡ് പ്രതിസന്ധി തീരാത്തതിലുള്ള ആശങ്കയും കടബാധ്യത തീർക്കാനാകാത്തതിലെ പ്രയാസവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് കണ്ടെടുത്ത കുറിപ്പിൽ സൂചിപ്പിക്കുന്നത്.മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്നും കത്തിലുണ്ട്. പാനൂരിലെ സ്വകാര്യ ക്ലിനിക്കിൽ ജീവനക്കാരനായിരുന്നു. കൈനകരി കാവുങ്കൽ ക്ഷേത്രം സെക്രട്ടറിയായും പ്രവർത്തിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.