പമ്പയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
ചെങ്ങന്നൂർ: പമ്പാനദിയിൽ കുളിക്കാനിറങ്ങിയ മരംവെട്ട് തൊഴിലാളി മുങ്ങിമരിച്ചു.
തിരുവൻവണ്ടൂർ കല്ലിശ്ശേരി ഉമയാറ്റുകര വളയംകണ്ടത്തിൽ വീട്ടിൽ പി.എം. ജോമോനാണ് (40) മരിച്ചത്. കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി ഒഴുക്കിൽപെടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11ന് പാണ്ടനാട് ഇടക്കടവിലാണ് സംഭവം.
ചെങ്ങന്നൂർ അഗ്നിരക്ഷാസേനയുടെ സ്കൂബാ വിഭാഗം നടത്തിയ തിരച്ചിലിൽ കുളിക്കാനിറങ്ങിയ സ്ഥലത്തിന് സമീപത്തുനിന്ന് മൃതദേഹം ഉച്ചക്കുശേഷം കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ജൂലൈയിൽ ഉമയാറ്റുകരയിൽ മരക്കൊമ്പ് മുറിക്കാൻ കെട്ടിയ വടത്തിൽ കുരുങ്ങി ശിഖരത്തിലകപ്പെട്ട ജോമോനെ അഗ്നിരക്ഷാസേന എത്തിയാണ് അന്ന് രക്ഷപ്പെടുത്തിയത്. ഭാര്യ: കെ.ടി. അജിത. മക്കൾ: അജി, ജോമോൾ. സംസ്കാരം പിന്നീട്.