ആലപ്പുഴ: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ടര വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു. ആലപ്പുഴ നഗരസഭ സീ വ്യൂ വാർഡ് പള്ളിപ്പുരയിടത്തിൽ സഫീദ്-അനീസ ദമ്പതികളുടെ മകൻ അഹ്യാനാണ് മരിച്ചത്.ഖലാസി തൊഴിലാളിയായ സഫീദിന് അനീസ പ്രഭാതഭക്ഷണം നൽകുമ്പോൾ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു അഹ്യാൻ. ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോഴാണ് കുട്ടിയെ കാണാതായത്. തിരച്ചിലിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണതായി കണ്ടെത്തി. ആലപ്പുഴ ജനറൽ ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്. മൻഹ ഏക സഹോദരിയാണ്.