പേരൂർക്കട: പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. പട്ടം മരപ്പാലം എസ്.ആർ നഗർ ജിജോ നിവാസിൽ ജോൺ കെ. ജോൺ (സണ്ണി -60, റിട്ട. ഹൗസിങ് ബോർഡ് സൂപ്രണ്ട് ) ആണ് മരിച്ചത്. പ്രഭാതസവാരിക്കിടെ വെള്ളിയാഴ്ച രാവിലെ ഏഴോടെ പട്ടം ബിനോയ് ലെയിനിൽ പൊട്ടിവീണുകിടന്ന വൈദ്യുതി ലെയിനിൽനിന്ന് ഇദ്ദേഹത്തിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. വഴിയാത്രക്കാരാണ് മൃതദേഹം കണ്ടത്. പേരൂർക്കട പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: സുജ മറിയം തോമസ് (അധ്യാപിക, ഉള്ളൂർ ഗവ. യു.പി സ്കൂൾ).