മാരാരിക്കുളം: മോട്ടോർ വാഹന വകുപ്പിെൻറ പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവർ മരിച്ച നിലയിൽ. ചവറ കോയിവിള പുത്തൻസങ്കേതം വയലുവീട്ടിൽ പടിഞ്ഞാറ്റതിൽ (ഷാനവാസ് മൻസിൽ) മുഹമ്മദ് സാലിയുടെ മകൻ ഷാനവാസാണ് (37) മരിച്ചത്. ദേശീയപാതയോരത്ത് മാരാരിക്കുളം കളിത്തട്ടിനു സമീപം വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മെറ്റൽ പൊടിയുമായി എറണാകുളം ഭാഗത്തുനിന്ന് വരുകയായിരുന്ന ലോറി ദേശീയപാതയോരത്ത് നിർത്തി ഡ്രൈവറും ക്ലീനർ വിൻസെൻറും കൂടി സമീപത്തെ തട്ടുകടയിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് പിന്നാലെ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ ജീപ്പ് എത്തിയത്. ജീപ്പിൽ നിന്നിറങ്ങിയ ഉദ്യോഗസ്ഥർ ലോറിയുടെ സമീപമെത്തിയപ്പോൾ ഡ്രൈവറും ക്ലീനറും മുന്നോട്ടു നടന്നിരുന്നു. ഉദ്യോഗസ്ഥർ പിന്തുടർന്നതോടെ ഇവർ തട്ടുകടക്ക് സമീപത്തെ ചെറിയ ഇടവഴിയിലൂടെ ഓടുകയായിരുന്നു. ഇരുവരെയും കണ്ടെത്താൻ കഴിയാത്ത ഉദ്യോഗസ്ഥർ ലോറിയിൽനിന്നു ഉടമയുടെ ഫോൺ നമ്പർ മനസ്സിലാക്കി വിളിക്കുകയും അടുത്ത ദിവസം കൊണ്ടുവന്ന് പിഴ അടക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഉദ്യോഗസ്ഥർ പോയതോടെ ക്ലീനർ ഷാനവാസിെൻറ മൊബൈലിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പൊലീസ് സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിലാണ് സമീപത്തെ വീടിെൻറ പുരയിടത്തിൽ മരിച്ച നിലയിൽ ഷാനവാസിനെ കണ്ടെത്തിയത്. രാവിലെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഷാനവാസ് ഓട്ടത്തിനിടെ മതിലിലോ മറ്റെവിടെയെങ്കിലും ഇടിച്ചുവീണതോ ഹൃദയതകരാറോ ആവാം മരണകാരണമെന്ന് മാരാരിക്കുളം സി.ഐ എസ്. രാജേഷ് പറഞ്ഞു. അധികം ഭാരമുള്ളതിനാൽ വലിയ തുക പിഴ ഈടാക്കുമെന്ന ഭയത്തിലാണ് ഓടിയതെന്ന് ക്ലീനർ മൊഴി നൽകി. ലോറിയിൽ മെറ്റൽപൊടി അല്ലാതെ മറ്റൊന്നും കണ്ടെത്താനായിട്ടില്ല. പരേതയായ ലൈലയാണ് ഷാനവാസിെൻറ മാതാവ്. ഭാര്യ: നിസ. മക്കൾ: ഹലീമ, ഫറൂഖ്, ഫാത്തിമ.