എരുമപ്പെട്ടി: പഞ്ചായത്തിൽ ഒരാഴ്ചക്കിടെ നാലാമതും കോവിഡ് മരണം സംഭവിച്ചതോടെ ജനങ്ങൾ ആശങ്കയിലായി. വെള്ളിയാഴ്ച രാവിലെ ചിറ്റണ്ട പൂങ്ങോട് കടമാംകുളം വീട്ടിൽ പരേതനായ രാമൻകുട്ടിയുടെ മകൻ രാമചന്ദ്രനാണ് (65) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് വൃക്ക സംബന്ധമായ അസുഖം മൂലം ഇയാളെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കോവിഡ് ചികിത്സയിൽ കഴിയുകയായിരുന്നു. മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുതുശ്ശേരി പുണ്യതീരം ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: പത്മാവതി. മക്കൾ: രതീഷ്, രാകേഷ്, രമ്യ. മരുമക്കൾ: അജി, സൗമ്യ, രമ്യ. കഴിഞ്ഞ 18നായിരുന്നു എരുമപ്പെട്ടി പഞ്ചായത്തിലെ കരിയന്നൂരിൽ ആദ്യ കോവിഡ് മരണം. തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും കോവിഡ് മരണങ്ങൾ നടന്നു.