മൂവാറ്റുപുഴ: എം.സി റോഡിൽ ഉന്നക്കുപ്പ വളവിൽ ബൈക്ക് നിയന്ത്രണംവിട്ട് പിക്അപ് വാനിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കോയമ്പത്തൂർ കുറുമ്പക്കടൈ ഭാരത്നഗർ കെ. സുഹൈബാണ് (19) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം. മൂവാറ്റുപുഴയിൽനിന്ന് കൂത്താട്ടുകുളം ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്ക് ഉന്നക്കുപ്പയിലെ വളവിൽ നിയന്ത്രണംവിട്ട് മറിഞ്ഞ് എതിരെവരുകയായിരുന്ന പിക്അപ് വാനിെൻറ അടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നിയന്ത്രണംവിട്ട് പിക്അപ് വാനിടിച്ച് സൈക്കിൾ യാത്രക്കാരനായ ഉന്നക്കുപ്പ സ്വദേശി ഗോപിക്കും പരിക്കേറ്റു. സുഹൈബിനെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെതുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു. ഉന്നക്കുപ്പയിലെ വളവിൽ തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. തുടർന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.