തൊടുപുഴ: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന എസ്.ഐ മരിച്ചു. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കോളപ്ര ചിറയ്ക്കല്‍ സി.കെ. രാജുവാണ് (55) മരിച്ചത്. കോവിഡ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കെ രോഗം പിടിപെട്ട് മൂന്നാഴ്ചയായി ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രമേഹം കൂടി നില വഷളായതിനെത്തുടര്‍ന്ന് തൊടുപുഴ ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളജ് ഐ.സി.യുവിലേക്ക് മാറ്റി.
നാലുദിവസം മുമ്പ് കോവിഡ് പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റിവായി. ഞായറാഴ്ച രാത്രി ഒമ്പതോടെ മരിച്ചു. ഇതിനുശേഷം നടത്തിയ പരിശോധനയിലും ഫലം നെഗറ്റിവായിരുന്നെങ്കിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു സംസ്കാരം.
1990ല്‍ സര്‍വിസില്‍ പ്രവേശിച്ച രാജു അടുത്ത മേയ് 31ന് വിരമിക്കാനിരിക്കുകയായിരുന്നു. പൊലീസ് ഓഫിസേഴ്സ് അസോസിയേഷന് ജില്ല കമ്മിറ്റി അംഗമാണ്.
ഭാര്യ: മായ. മക്കള്‍: നവനീത്, മാളവിക. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയവേ മരിച്ച രണ്ടാമത്തെ പൊലീസ് ഉദ്യോഗസ്ഥനാണ് രാജു. ഇടുക്കി സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ ആയിരുന്ന പൂച്ചപ്ര സ്വദേശി സി.പി. അജിതനാണ് നേരത്തേ കോവിഡ് ബാധിച്ച് മരിച്ചത്.