േകാട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ കോവിഡ് സ്ഥിരീകരിച്ച വീട്ടമ്മ മരിച്ചു. എരുമേലി കനകപ്പലം നെടുങ്കാവ് വയൽ പുത്തൻപുരയ്ക്കൽ ശിവരാമെൻറ ഭാര്യ സരസമ്മയാണ് (72) മരിച്ചത്. ഈ മാസം ഏഴിന് ശ്വാസംമുട്ടലിനെ തുടർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.
ചികിത്സയുടെ ഭാഗമായി നാലുതവണ ഡയാലിസിസിന് വിധേയമാക്കി. തുടർന്ന് മെഡിക്കൽ കോളജിൽ തിരക്കുകാരണം കഴിഞ്ഞയാഴ്ച ഡയാലിസിസ് ചെയ്യുന്നതിന് കോട്ടയം ടൗണിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
അവിടെ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വീണ്ടും മെഡിക്കൽ കോളജിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഇവർ തിങ്കളാഴ്ച ഉച്ചക്ക് 12.30ഓടെ മരിച്ചു.
മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. മരണശേഷമുള്ള കോവിഡ് പരിശോധനഫലം നെഗറ്റിവാണെങ്കിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിലും പോസിറ്റിവാണെങ്കിൽ പൊൻകുന്നം ചേത്തുംപാറ പൊതുശ്മശാനത്തിലും സംസ്കരിക്കും. മക്കൾ: സുനിൽ, വിനോദ്, സതി, സജി. മരുമക്കൾ: രേഖ, രമ്യ, മധു, രേഖ.