കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
ചവറ: ദേശീയപാതയിൽ ഭിന്നശേഷിക്കാരനെ ഇടിച്ചതിനുശേഷം നിർത്താതെ പോയ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാവനാട് കന്നിമേൽച്ചേരി രമ്യാഭവനത്തിൽ മുരളീധരൻപിള്ള (67) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ചവറയിലെ സ്വകാര്യ കോളജിൽ പ്രവേശനത്തിന് എത്തിയശേഷം മടങ്ങിയ വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടമുണ്ടാക്കിയത്. കൊല്ലം പള്ളിമുക്കിലേക്ക് പോകുകയായിരുന്നു വിദ്യാർഥികൾ. നല്ലേഴ്ത്തുമുക്കിൽവെച്ച് ബൈക്കുകാരനെ കാർ തട്ടിയിരുന്നു.പിന്നീട് നീണ്ടകര പുത്തൻതുറയിൽവെച്ച് കാർ മുച്ചക്രവാഹനത്തെ ഇടിച്ചു. റോഡിൽ വീണ ഭിന്നശേഷിക്കാരനെ സമീപത്തുള്ളവർ ആശുപത്രിയിലെത്തിച്ചു. നിർത്താതെ പോയ കാർ നീണ്ടകരക്ക് സമീപംവെച്ച് സ്കൂട്ടറിൽ പോകുകയായിരുന്ന മുരളീധരൻപിള്ളയെ ഇടിക്കുകയായിരുന്നു.
ഉടൻതന്നെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മുരളീധരൻപിള്ള മരിച്ചു. കാറിെൻറ നമ്പർ പിന്തുടർന്ന് ചവറ പൊലീസ് കാവനാട്ടുവെച്ച് കാർ കസ്റ്റഡിയിലെടുത്തു. കോൺട്രാക്ടറാണ് മുരളീധരൻപിള്ള. ഭാര്യ: ജലജകുമാരി. മക്കൾ: അജിത്, രമ്യ. മരുമകൻ: പ്രേംകുമാർ.