പെൺകുട്ടി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു
തൊടുപുഴ: പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലായിരുന്ന യുവാവ് ജയിലിൽ ജീവനൊടുക്കി. ഡി.വൈ.എഫ്.ഐ പ്രവർത്തകനായിരുന്ന കട്ടപ്പന നരിയംപാറ സ്വദേശി മനു മനോജാണ് തൊടുപുഴ മുട്ടം ജയിലിൽ ജീവനൊടുക്കിയത്. കുളികഴിഞ്ഞ് ഉണക്കാനിട്ട തുണിയെടുക്കാൻ ജയിലിെൻറ മുകൾനിലയിലേക്ക് അസി. പ്രിസൺ ഓഫിസറുടെ അനുമതിയോടെ പോയ മനു മുണ്ടിൽ തൂങ്ങിമരിക്കുകയായിരുന്നെന്ന് ജയിൽ അധികൃതർ പറഞ്ഞു.
കാണാതിരുന്നതിനാൽ നോക്കിയപ്പോൾ ഗ്രില്ലിൽ തൂങ്ങിയ നിലയിലായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 3.45ഓടെയാണ് സംഭവം. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ മനുവിെൻറ പീഡനത്തിനിരയായ മനോവിഷമത്തിൽ 16 വയസ്സുകാരി പെൺകുട്ടി ഒക്ടോബർ 31നാണ് മരിച്ചത്. തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഒക്ടോബർ 22നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മനുവിനെതിരെ കേസെടുത്തത്. ഇതേതുടർന്ന് കുളിമുറിയില്‍ കയറി വാതിലടച്ച പെണ്‍കുട്ടി മണ്ണെണ്ണ ശരീരത്തിലൊഴിച്ച് തീകൊളുത്തി. ഉടന്‍ വീട്ടുകാര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില വഷളായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മനു റിമാൻഡിലായിരിക്കെയാണ് പെൺകുട്ടി മരിച്ചത്. പീഡനകേസ് എടുത്തതിനുപിന്നാലെ മനുവിനെ ഡി.വൈ.എഫ്.ഐയിൽനിന്ന് പുറത്താക്കിയിരുന്നു.
തൊടുപുഴ ജില്ല ആശുപത്രി മോർച്ചറിയിലുള്ള മനുവിെൻറ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വെള്ളിയാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ ജയിൽ ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടു. ജയിൽ സൂപ്രണ്ട് ശിവദാസ് അവധിയിലായിരുന്നതിനാൽ അസി. സൂപ്രണ്ട് ശിശുകുമാറാണ് സ്ഥലത്തുണ്ടായിരുന്നത്.