മംഗലപുരം: ശനിയാഴ്ച പുലർച്ച ദേശീയപാതയിൽ കോരാണി ഗവ.എൽ.പി.എസിന് സമീപം നിയന്ത്രണം തെറ്റിയ മിനി ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രി ഐ.സി.യുവിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടർ മരിച്ചു.
കൊല്ലം പട്ടത്താനം വടക്കേവിള ഓംപ്രകാശ് ഭവനിൽ ഡോ. ഓംപ്രകാശിെൻറയും യമുനാറാണിയുടെയും മകൻ ഡോ. ബാലകൃഷ്ണനാണ് (30) മരിച്ചത്. ദേവിക ഏക സഹോദരിയാണ്. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൗസ് സർജനായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോ. ബാലകൃഷ്ണൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയോടെയാണ് മരിച്ചത്.
പോസ്റ്റ്മോർട്ടത്തിനുശേഷം മെഡിക്കൽ കോളജ് ഒാഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസിെൻറയും വൈസ് പ്രിൻസിപ്പൽ ഡോ.കെ. അജയകുമാറിെൻറയും നേതൃത്വത്തിൽ അധ്യാപകരും സഹപാഠികളും സഹപ്രവർത്തകരും അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് വൈകുന്നേരം മൂന്നോടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.
അപകടത്തിൽ നിയന്ത്രണം വിട്ട ലോറി റോഡിൽ തലകീഴായി മറിഞ്ഞതിനെതുടർന്ന് എറണാകുളം സ്വദേശികളായ ലോറി ഡ്രൈവറും ക്ലീനറും സംഭവദിവസം തന്നെ മരിച്ചിരുന്നു. ലോറിയിലുണ്ടായിരുന്ന മൂന്നാമൻ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.