എടക്കര: യുവാവിനെ വീടിനോട് ചേര്‍ന്ന റബര്‍തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയിലും ഭാര്യയെ പരിക്കുകളോടെ വീടിന് പുറത്തെ ശുചിമുറിക്കു സമീപം അബോധാവസ്ഥയിലും കണ്ടെത്തി. മൂത്തേടം കാരപ്പുറം വെള്ളാരമുണ്ട കണ്ണംചിറ ബിനോയിയെയാണ് (തോമസ്കുട്ടി-46) റബര്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ശുചിമുറിക്ക് സമീപം രക്തം വാര്‍ന്ന് അബോധാവസ്ഥയിൽ കണ്ടെത്തിയ ഭാര്യ ഷോബിയെ (35) പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ച അഞ്ചോടെയാണ് സംഭവം.
ടാപ്പിങ് തൊഴിലാളിയായ ബിനോയ് ചൊവ്വാഴ്ച പതിവുപോലെ വീടിന് സമീപത്തെ തോട്ടത്തിലേക്ക് പോയിരുന്നു. പിന്നീട് വീടിൽനിന്ന് പുറത്തിറങ്ങിയ ബിനോയിയുടെ മാതാവ് ക്ലാരമ്മയാണ് ശുചിമുറിക്ക് മുന്നില്‍ അബോധാവസ്ഥയിലായ ഷോബിയെ കണ്ടെത്തിയത്. ക്ലാരമ്മയുടെ കരച്ചിൽ കേട്ട് പുറത്തിറങ്ങിയ ഇവരുടെ കുട്ടികള്‍ സമീപത്തെ ബന്ധുവീട്ടില്‍ വിവരം അറിയിച്ചു. ഇവർ ബിനോയിയെ വിവരം അറിയിക്കാനായി തോട്ടത്തിലെത്തിയപ്പോഴാണ് ഇയാളെ റബര്‍ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ബിനോയിയെ താഴെയിറക്കി നിലമ്പൂര്‍ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഷോബിക്ക് തലക്ക് പിറകിലും താടിയെല്ലിനും ഗുരുതര പരിക്കുണ്ട്. യുവതി അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. കുടുംബവഴക്കാകാം സംഭവത്തിന് പിന്നിലെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. ബിനോയിയുടെ മൃതദേഹം എടക്കര എസ്.ഐ വി. അമീറലി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പാലാങ്കര വട്ടപ്പാടം സെൻറ് സെബാസ്റ്റ്യന്‍ ചര്‍ച്ച് സെമിത്തേരിയില്‍ വൈകീട്ട് ആറരയോടെ സംസ്കരിച്ചു. പരേതനായ ജോസഫാണ് ബിനോയിയുടെ പിതാവ്. മക്കൾ: അക്ഷയ്, അനീഷ.