ചങ്ങരംകുളം: വളയംകുളത്ത് മിനി പിക് അപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് പഴഞ്ഞി സ്വദേശി മരിച്ചു. കാട്ടാകാമ്പാല്‍ പഞ്ചായത്ത് മുന്‍ അംഗവും മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡൻറുമായ പഴഞ്ഞി സ്വദേശി മണ്ടുംബാല് ജേക്കബാണ് (75) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ കുറ്റിപ്പുറം-തൃശൂര്‍ സംസ്ഥാനപാതയില്‍ വളയംകുളം അസ്സബാഹ് കോളജ് പരിസരത്താണ് അപകടം. സ്കൂട്ടറില്‍ വന്ന ജേക്കബ് കോക്കൂര്‍ റോഡിലേക്ക് തിരിക്കാന്‍ ശ്രമിക്കവെ കോഴിക്കോട്ടുനിന്ന് ഫര്‍ണിച്ചര്‍ ഇറക്കി എറണാകുളത്തേക്ക് പോയിരുന്ന മിനി പിക് അപ് ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
പഴഞ്ഞി സെൻറ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ മുന്‍ കൈക്കാരനാണ്. മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം വെള്ളിയാഴ്ച കാലത്ത് പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഭാര്യ: സാറാകുഞ്ഞി. മക്കള്‍: തബീത, മിനി, പ്രിയ, ഔഗന്‍. മരുമക്കള്‍: അബി, ഷാജന്, തോമസ്, അനു. സഹോദന്: കൊച്ചു.