പെരിന്തൽമണ്ണ: മലബാർ ദേവസ്വം ബോർഡ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) സെക്രട്ടറിയും സി.പി.എം പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി അംഗവുമായ പെരിന്തൽമണ്ണ^പട്ടാമ്പി റോഡിലെ അത്തിപ്പറ്റ വേണുഗോപാലൻ (79) നിര്യാതനായി. അരനൂറ്റാണ്ടിലേറെ പെരിന്തൽമണ്ണയിലെ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക രംഗത്ത് പ്രവർത്തിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ച രണ്ടിനാണ് മരണം. മാസങ്ങളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
ദീർഘകാലം ജില്ല ബാങ്ക് ജീവനക്കാരുടെ (ബി.ഇ.എഫ്.ഐ) സംസ്ഥാന സെക്രട്ടറിയും ചുമട്ടുതൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) പെരിന്തൽമണ്ണ ഏരിയ സെക്രട്ടറി, പ്രസിഡൻറ്, ജില്ല വൈസ് പ്രസിഡൻറ്, സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം തുടങ്ങി ട്രേഡ് യൂനിയൻ രംഗത്ത് വിവിധ സംഘടകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു. മലബാർ ദേവസ്വം ബോർഡ് അംഗം, ദേവസ്വം ബിൽ സമിതി അംഗം, പെരിന്തൽമണ്ണ നഗരസഭ വൈസ് ചെയർമാൻ, എഡ്വേഡ് ക്ലബ് സെക്രട്ടറി, പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. മലപ്പുറം ജില്ല സഹകരണ ബാങ്ക് ജനറൽ മാനേജറായാണ് വിരമിച്ചത്.
ഭാര്യ: രാജലക്ഷ്മി. മക്കൾ: നിഷ (മുംബൈ), സൂരജ് (കാനഡ), അഭിലാഷ് (എച്ച്.ഡി.എഫ്.സി). മരുമക്കൾ: സുകുമാർ പണിക്കർ (മുബൈ പണിക്കർ ട്രേഡേഴ്സ് ഉടമ), പ്രിയ, ആശ. സഹോദരങ്ങൾ: രാമചന്ദ്രൻ (റിട്ട. ഡെപ്യൂട്ടി കലക്ടർ കോയമ്പത്തൂർ), പത്മിനി (റിട്ട. അധ്യാപിക), നാരായണൻകുട്ടി (റിട്ട. ഐ.എസ്.ആർ.ഒ ഉദ്യോസ്ഥൻ തിരുവനന്തപുരം), മോഹൻദാസ് (റിട്ട. ഹൈകോടതി സ്റ്റാഫ്), സതീരത്നം (റിട്ട. അധ്യാപിക, മഞ്ചേരി), ഓമന (റിട്ട. അധ്യാപിക), ഉഷ (പെരിന്തൽമണ്ണ). സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.പി. വാസുദേവൻ സഹോദരീഭർത്താവാണ്.