മംഗലംഡാം: കടപ്പാറ തിപ്പിലിക്കയത്തിൽ യുവാവ് മുങ്ങിമരിച്ചു. അയിലൂർ തിരുവഴിയാട് മേലേ ചക്രായ് രമേശിെൻറ മകൻ ആർ. രംജിതാണ് (22) മരിച്ചത്. കൂട്ടുകാരോടൊപ്പം ഞായറാഴ്ച രാവിലെ ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ പോയതായിരുന്നു. എട്ടുപേരാണ് സംഘത്തിലുണ്ടായിരുന്നത്. ആലിങ്കലിെൻറ താഴ്ഭാഗത്തെ തിപ്പിലിക്കയത്ത് കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെ മുകളിലെ പാറക്കെട്ടിൽ കയറിയ രംജിത് വഴുതി കയത്തിലേക്ക് വീഴുകയായിരുന്നെന്ന് കൂട്ടുകാർ പറഞ്ഞു. ഉച്ച 12.30ഓടെയാണ് സംഭവം.
മംഗലംഡാം പൊലീസും വടക്കഞ്ചേരി അഗ്നിരക്ഷാസേനയും പുറത്തെടുത്ത മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മേൽനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മാതാവ്: കമലം. സഹോദരങ്ങൾ: രതീഷ് (കരസേന), രമ്യ.