അടിമാലി: കടബാധ്യതയെത്തുടർന്ന് സ്വകാര്യ ബസ് ഉടമ ജീവനൊടുക്കി. ഇരുമ്പുപാലം മെഴുകുംചാൽ ഓരുംമഠത്തിൽ ജോണിയുടെ മകൻ ബേസിൽ ജോണിയാണ് (28) മരിച്ചത്. ഇരുമ്പുപാലത്ത് സ്വകാര്യ ലോഡ്ജിലാണ് തൂങ്ങിമരിച്ചത്.
സുഹൃത്തുക്കൾ എത്തുമെന്ന് പറഞ്ഞ് ചൊവ്വാഴ്ച രാവിലെ 11നാണ് ബേസിൽ ലോഡ്ജിൽ മുറിയെടുത്തത്. രാത്രി പത്തായിട്ടും ബേസിലിനെ പുറത്ത് കാണാത്തതിനെത്തുടർന്ന് ജീവനക്കാർ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പിന്നീട് പൊലീസ് എത്തിയാണ് മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. വൻ കടബാധ്യത ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കേരള ബാങ്ക് ഇരുമ്പുപാലം ബ്രാഞ്ചിലെ കലക്ഷൻ ഏജൻറുകൂടിയാണ്. ലോക്ഡൗണിൽ ഉണ്ടായ ബാധ്യതക്കൊപ്പം പഴയ ജില്ല ബാങ്ക് കേരള ബാങ്ക് ആയി മാറിയതോടെ വ്യാപാരികൾക്ക് നൽകിയിരുന്ന വായ്പകൾ നിർത്തലാക്കിയതോടെ കലക്ഷൻ ഇല്ലാതെ ഇതുവഴിയുള്ള വരുമാനവും നിലച്ചു. ഇതും ജീവനൊടുക്കാൻ കാരണമായി. അവിവാഹിതനാണ്.